Friday, June 16, 2006

സ്റ്റാമ്പ്‌ ശേഖരണം

"അപ്പച്ചാ ,ഒരു സ്റ്റാമ്പ്‌ ആല്ബം വാങ്ങിച്ച്തരോ?"
"പോയിരുന്നു പഠിക്കെടാ..സമയം കളയാന്‍ ഒരോന്നു കൊണ്ടു വന്വോളും"
"പ്ലീസ്‌..."
"അടി വങ്ങാതെ നീ പോവില്ല, ല്ലേ?"

സ്റ്റാമ്പ്‌ ശേഖരണം വിജ്ഞാനപ്രദായകമായ ഒരു ഹോബിയാണ്‌.. രാജ്യങ്ങളുടെ അംബാസാഡര്‍മാരാണ്‌ സ്റ്റാമ്പുകള്‍..വിവിധ മേഖലകളിലേക്ക്‌ തുറക്കുന്ന കൊച്ചു കിളിവാതിലുകളാണ്‌..എന്നൊക്കെ സ്കൂളിലെ ഉപന്യാസങ്ങളില്‍‍ എഴുതാറുള്ള വാചകങ്ങളും പറഞ്ഞു ചെന്നാ അപ്പച്ചന്റെ കയ്യിലിരിക്കുന്നത്‌ വാങ്ങിച്ചു വെക്കെണ്ടി വരും.. അതോണ്ട്‌ നേരെ അമ്മയുടെ അടുത്തേക്ക്‌..

"അമ്മേ ,അപ്പച്ചനോട്‌ ഒന്നു പറ"
"നീ ഇപ്പൊ പോയി പഠിക്ക്‌,പിന്നെ നമുക്ക്‌ പറഞ്ഞു ശരിയാക്കാം"
അങ്ങനെ തല്‍കാലത്തേക്ക്‌ ആശയടക്കി ഞാന്‍ വീണ്ടും സ്റ്റാമ്പ്‌ ചിന്തകളിലേക്കൂളിയിട്ടു...

എങ്ങിനെ കയ്യിലുള്ള സ്റ്റാമ്പുകളുടെ എണ്ണം കൂട്ടാം..
എങ്ങിനെ മറ്റവന്റെ കയ്യില്ലുള്ള സ്റ്റാമ്പ്‌ എന്റെ കയ്യിലേക്കെത്തിക്കാം
എങ്ങിനെ കയ്യിലുള്ള രാജ്യങ്ങളുടെ എണ്ണം 100 കടത്തും
എങ്ങിനെ ഒരു പെനി ബ്ലാക്ക്‌ ഒപ്പിക്കാം


അമ്മേടെ കൂടെ ജോലി ചെയ്തിരുന്ന ടെസ്സി ആന്റിയുടെ തമ്പിച്ചായന്‍ അമേരിക്കയിലായത്‌ കാരണം കുറെ അമേരിക്കന്‍ സ്റ്റാമ്പുകള്‍ കിട്ടി.പിന്നെ ആന്റി ഒരു പായ്ക്കറ്റ്‌ യു.എസ്‌.എസ്‌.ആര്‍ സ്റ്റാമ്പുകള്‍ വാങ്ങിച്ചു തന്നു...

പിന്നെ മാപ്രാണത്തേക്ക്‌(അച്ചന്റോടെ ക്ക്‌) പോയപ്പോ അനില്‍ചേട്ടന്റെ കയ്യില്‍ നിന്നും കുറച്ചു സ്റ്റാമ്പുകള്‍ കിട്ടി..അനില്‍ചേട്ടന്റെ കയ്യില്‍ ഒരടിപൊളി കളക്ഷന്‍ ഉണ്ടായിരുന്നു..അവര്‍ പണ്ട്‌ നൈജീരിയയില്‍ ആയിരുന്നത്‌ കാരണം കുറെ നൈജീരിയന്‍ സ്റ്റാമ്പുകള്‍ ഉണ്ട്‌..പിന്നെ അനില്‍ചേട്ടന്‍ തീപ്പെട്ടിപടമോ നെയിംസ്ലിപ്സോ മറ്റോ കൊടുത്ത്‌ അപ്പറത്തെ വീട്ടിലെ സ്റ്റാലിന്റെ കയ്യില്‍ നിന്നും വാങ്ങിച്ച സ്റ്റാമ്പുകളും... ഒരു ദിവസം അനില്‍ചേട്ടന്‍ ഇതെല്ലാം എനിക്കു തരും തരും എന്നു സ്വപ്നംകണ്ടു ഞാന്‍ നടന്നിരുന്നു..പക്ഷെ ആ കളക്ഷന്‍ എങ്ങിനെയൊ മിസ്സിംഗ്‌ ആയി ;-(

അടുത്ത ശ്രോതസ്സ്‌ എളേപ്പനായിരുന്നു.. എളേപ്പന്‍ ബേങ്കിലായിരുന്ന കാരണം അവിടെ വരുന്ന സ്റ്റാമ്പുകള്‍ കൊണ്ടുവരുമായിരുന്നു..അധികവും ഗള്‍ഫ്‌ രാജ്യങ്ങള്‍..


പിന്നെ ഇതെല്ലാം കൊണ്ട്‌ സ്കൂളില്‍ പോകും... എക്സ്ചേഞ്ച്‌ ചെയ്യാന്‍ .അവിടെയായിരുന്നു യഥാര്‍ത്ഥ അങ്കം...അവിടെ നടക്കുന്ന നെഗൊസിയേഷന്‍സ്‌ ആയിരുന്നു മോനേ നെഗൊസിയേഷന്‍സ്‌..

"ഇതു റെയര്‍ സ്റ്റാമ്പാ, ഇതിനു നീ എനിക്കു 3 രാജ്യങ്ങളെങ്കിലും തരണം"
"ഓ അത്ര റെയര്‍ ആണെങ്കി എനിക്കു വേണ്ട"
"ന്നാ ശരി ,രണ്ടു രാജ്യം.."
"ഓക്കെ""എയ്‌ , ഇതു ഡ്യുപ്ലിക്കേറ്റാ,കണ്ടാ അറിഞ്ഞൂടെ?"
"ഡ്യുപ്ലിക്കേറ്റൊ?ഇതോ?പോടാ അവിടുന്ന്.. ഇതിന്റെ സീല്‍ കണ്ടാലറിഞ്ഞൂടെ ഇതു ഡ്യുപ്ലിക്കെറ്റ്‌ അല്ലാന്ന്"
"സീല്‍ കണ്ടാ എങ്ങിനെ തിരിച്ചറിയും?"
"സീലിന്റെ മഷി പരന്നിരിക്കുന്നത്‌ കണ്ടില്ലേ??"
"ഓ "


"ഇതിന്റെ ഒരു പല്ല് പൊട്ടി പോയിട്ടുണ്ട്‌.ഇതു യൂസ്ലെസ്സാ"
"ന്നാലും ഇതു റെയര്‍ കണ്ട്രി അല്ലേ"
"അതു പറഞ്ഞിട്ടൊന്നും കാര്യമില്ല"
"പ്ലീസ്‌ ടാ"
"ഓക്കെ"


അപൂര്‍വ സ്റ്റാമ്പുകള്‍ (അതായത്‌ അപൂര്‍വമെന്നു ഞങ്ങള്‍ വിശ്വസിച്ചിരുന്ന സ്റ്റാമ്പുകള്‍) കിട്ടുമ്പോള്‍ ഉള്ള സന്തോഷം, ഹൊ..അതൊരൊന്നൊന്നര സന്തോഷം തന്നെ ആയിരുന്നു... അതു പൊലെ വ്യത്യസ്ഥ ആകൃതിയിലുള്ളവ (ട്രയാങ്ക്ലും സര്‍ക്ലും ഒക്റ്റഗണുമൊക്കെ) കിട്ടുമ്പോഴും..

അങ്ങിനെ ഇരിക്കുന്ന ഒരു ദിവസമാണ്‌ ലോട്ടറി അടിച്ചത്‌ ..അമ്മേടെ ഒരു കസിന്‍ ജര്‍മ്മനിയില്‍ ഉണ്ട്‌..അമ്മായിയോട്‌ സ്റ്റാമ്പ്‌ കിട്ടാന്‍ സ്കോപ്പുണ്ടോ എന്നു പണ്ട്‌ ചോദിച്ചിരുന്നു..അത്തവണ അമ്മായി വന്നപ്പോ ഒരുകുട്ടിചാക്ക്‌ നിറച്ചു സ്റ്റാമ്പ്‌... ആനന്ദലബ്ധിക്കിനിയെന്തു വേണം...!!!

അടുത്ത ശ്രമം റേഡിയോ സ്റ്റേഷനുകള്‍ വഴിയായിരുന്നു.. DXing ന്റെ അയ്യരുകളിയുമായി നടന്ന നാളുകള്‍. റേഡിയൊ എടുത്തു ഷോര്‍ട്ട്‌ വേവില്‍ കിട്ടുന്ന എല്ലാ സ്റ്റേഷനുകളും കേട്ട്‌ അവര്‍ക്കൊക്കെ ഇമെയില്‍ അയച്ചു .. പ്രോഗ്രാം കേട്ടു, അസ്സലായിരുന്നു, സിഗ്നല്‍ സ്ട്രെങ്ങ്ത്‌ വലിയ കൊഴപ്പം ഇല്ല്യ ,ഇത്തിരി നോയിസ്‌ ഉണ്ടായിരുന്നു.. ഒരു
QSL കാര്‍ഡ്‌ അയച്ചു തന്നാ ഉപകാരം..അയച്ചു തരുമ്പോ ആ കവറില്‍ ഇത്തിരി സ്റ്റാമ്പുകള്‍ കൂടി ഇട്ടാ സന്തോഷം... ചൈനക്കാരും പിന്നെ വേറെ ഏതോ ഒരു റ്റീമും മാത്രമേ സ്റ്റാമ്പുകള്‍ അയച്ചു തന്നുള്ളൂ.. പക്ഷേ QSL കാര്‍ഡുകള്‍ ഒരു മാതിരി എല്ലാരുമയച്ചു തരാറുണ്ടായിരുന്നു..

അങ്ങിനെ അങ്ങിനെ കിട്ടിയ എല്ലാ സ്റ്റാമ്പുകളും കൂടി ഒരു വലിയ കവറിലിട്ട്‌ തട്ടിന്‍പുറത്ത്‌ ഭദ്രമായി വെച്ചിട്ടുണ്ട്‌..ഇനിപോയി അതൊക്കെ ഒന്നു അടക്കിയൊതുക്കി വെക്കണം..എന്നു സമയം കിട്ടുമോ ആവോ.....

Thursday, June 08, 2006

നവോദയക്കുറിപ്പുകള്‍ ..കഴിഞ്ഞ കൊല്ലം നവോദയയില്‍ പയറ്റാന്‍ പോയ കസിന്റെ കുറിപ്പുകള്‍